
ബംഗളൂരു നഗരത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ സവിശേഷ സ്ഥാനമുള്ള ആഘോഷമാണ് കടലക്ക പരീഷെ (Kadalekai Parishe). നിലക്കടലയുടെ വിളവെടുപ്പിനോടനുബന്ധിച്ച് എല്ലാ വർഷവും കാർത്തിക മാസത്തിൽ നടക്കുന്ന ഈ മേള കർഷകരുടെ അധ്വാനത്തിനും പ്രകൃതിയോടുള്ള നന്ദിക്കും മതവിശ്വാസത്തിനും വ്യാപാരസംസ്കാരത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. അഞ്ച് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ ഉത്സവം ബംഗളൂരുവിന്റെ പഴയ ഗ്രാമീണ ജീവിതത്തിന്റെ ഓർമകൾ ഇന്നും നിലനിർത്തുന്നു.( കൃഷിയിടങ്ങൾ നശിപ്പിച്ചിരുന്ന കാള: ഐതിഹ്യത്തിന്റെ തുടക്കം)കടലക്ക പരീഷെയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് രസകരമായൊരു ഐതിഹ്യമുണ്ട്. ഇന്നത്തെ ബസവനഗുഡിയും സമീപപ്രദേശങ്ങളും ഒരുകാലത്ത് വിശാലമായ നിലക്കടല കൃഷിയിടങ്ങളായിരുന്നു. സുൻകെനഹള്ളി, മാവള്ളി, ദാസറഹള്ളി, ഹൊസകെരഹള്ളി തുടങ്ങിയ ഗ്രാമങ്ങളിലെ കർഷകരുടെ പ്രധാന കൃഷികളിലൊന്നായിരുന്നു നിലക്കടല.വിളവെടുപ്പിന് പാകമാകുന്ന സമയത്ത് രാത്രികളിൽ ഒരു കാള കൃഷിയിടങ്ങളിലെത്തി വിളകൾ നശിപ്പിച്ചിരുന്നുവെന്നാണ് വിശ്വാസം. തുടർച്ചയായ കൃഷിനാശത്തിൽ വിഷമിച്ച കർഷകർ ശിവന്റെ വാഹനമായ നന്തിയെ പ്രാർത്ഥിക്കുകയും ആദ്യവിള സമർപ്പിക്കാമെന്ന് നേർച്ച നേരുകയും ചെയ്തു. തുടർന്ന് കാളയുടെ ഉപദ്രവം അവസാനിച്ചുവെന്നും നന്തിയുടെ വിഗ്രഹം കണ്ടെത്തിയെന്നുമാണ് ഐതിഹ്യം.ബംഗളൂരുവിന്റെ സ്ഥാപകനായ കെംപെഗൗഡ പതിനാറാം നൂറ്റാണ്ടിൽ ഈ വിഗ്രഹത്തിന് ചുറ്റും ക്ഷേത്രം നിർമിച്ചുവെന്നാണ് ചരിത്രപരമായ വിവരണം. ഇന്നത്തെ പ്രസിദ്ധമായ ബസവനഗുഡി ബുൾ ടെമ്പിൾ ഇതാണ്. ആദ്യവിള നന്തിക്ക് സമർപ്പിക്കുന്ന പതിവ് പിന്നീട് വലിയൊരു കാർഷിക മേളയായി വളർന്നു.(കർഷകരുടെ സംഗമവേദി)കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽനിന്നും കർഷകരും വ്യാപാരികളും മേളയിലെത്തുന്നു. തങ്ങളുടെ കൃഷിയിടങ്ങളിൽ വിളയിച്ച നിലക്കടല നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ ലഭിക്കുന്ന അവസരമാണിത്. കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള നേരിട്ടുള്ള ബന്ധം മേളയുടെ പ്രധാന സവിശേഷതയാണ്.(നിലക്കടലയുടെ വൈവിധ്യമാർന്ന ലോകം)പല വലുപ്പത്തിലും ഗുണത്തിലും രുചിയിലുമുള്ള നിലക്കടലകൾ മേളയിൽ ലഭിക്കും. പച്ചനിലക്കടല, വറുത്ത നിലക്കടല, ഉപ്പിട്ടത്, വേവിച്ചത് തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. വലിയ ചാക്കുകളിൽനിന്ന് ചെറിയ പൊതികളിലേക്കുള്ള വിൽപ്പനയും ഇവിടെ കാണാം. നിലക്കടലയുടെ വിവിധ ഇനങ്ങൾ ഒരിടത്ത് കാണാനും വാങ്ങാനും കഴിയുന്നതാണ് മേളയുടെ പ്രത്യേകത.(വിശ്വാസവും ആരാധനയും)മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ബസവനഗുഡിയിലെ ദൊഡ്ഡ ബസവണ്ണ ക്ഷേത്രത്തിലെ പ്രത്യേക പൂജകളും പ്രാർത്ഥനകളും. കർഷകർ തങ്ങളുടെ ആദ്യവിള നന്തിക്ക് സമർപ്പിച്ച് അടുത്ത കൃഷിക്കാലത്ത് നല്ല വിളവുണ്ടാകാൻ അനുഗ്രഹം തേടുന്നു. കാർഷിക സംസ്കാരവും മതവിശ്വാസവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ആചാരം.(വ്യാപാരവും ഉത്സവാന്തരീക്ഷവും)നിലക്കടല മാത്രമല്ല മേളയുടെ ആകർഷണം. പരമ്പരാഗത കളിപ്പാട്ടങ്ങൾ, വളകൾ, മൺപാത്രങ്ങൾ, അലങ്കാരവസ്തുക്കൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ കടകളും സജീവമാകും. ബജ്ജി, ബോണ്ട, മധുരപലഹാരങ്ങൾ, പഞ്ചസാര പൊതിഞ്ഞ കടല, വിവിധ നാടൻ ലഘുഭക്ഷണങ്ങൾ എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു. കുടുംബസമേതംഎത്തുന്നവരുടെ തിരക്കിൽ പ്രദേശം ഉത്സവലഹരിയിലാകും.( ബസവനഗുഡിയാണ് പ്രധാന വേദി)ബംഗളൂരുവിലെ ബസവനഗുഡിയിലുള്ള ദൊഡ്ഡ ബസവണ്ണ ക്ഷേത്രം, ദൊഡ്ഡ ഗണപതി ക്ഷേത്രം, ബുൾ ടെമ്പിൾ റോഡ്, ബഗിൾ റോക്ക് പാർക്ക് എന്നിവയുടെ പരിസരമാണ് പ്രസിദ്ധമായ കടലക്ക പരീഷെയുടെ പ്രധാന വേദി. ഹിന്ദു കലണ്ടറിലെ കാർത്തിക മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് പരമ്പരാഗതമായി മേള നടക്കുന്നത്. അതിനാൽ ഇംഗ്ലീഷ് കലണ്ടറിലെ തിയ്യതി ഓരോ വർഷവും മാറും. സാധാരണയായി നവംബർ–ഡിസംബർ മാസങ്ങളിലാണ് മേള അരങ്ങേറുന്നത്.( പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നഗരം)ഇന്ന് ആഗോള നഗരമായി വളർന്ന ബംഗളൂരുവിന്റെ തിരക്കുകൾക്കിടയിലും പഴയ നഗരത്തിന്റെ ഗ്രാമീണ സംസ്കാരവും കാർഷിക പാരമ്പര്യവും ഓർമിപ്പിക്കുന്ന അപൂർവ ആഘോഷമാണ് കടലക്ക പരീഷെ. കർഷകന്റെ അധ്വാനത്തെ ആദരിക്കുന്നതിനൊപ്പം മണ്ണിനോടും പ്രകൃതിയോടുമുള്ള നന്ദി പ്രകടിപ്പിക്കുന്ന ചടങ്ങുകൂടിയാണിത്.നഗരവൽക്കരണത്തിന്റെ അതിവേഗ മാറ്റങ്ങൾക്കിടയിലും തലമുറകളായി കൈമാറിവന്ന ആചാരങ്ങളും വിശ്വാസങ്ങളും നിലനിർത്തുന്ന ഈ മേള ബംഗളൂരുവിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണ്. നഗരത്തിന്റെ വളർച്ചയ്ക്കിടയിലും മണ്ണിന്റെ മണമുള്ള കാർഷിക സംസ്കാരം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ബംഗളൂരുവിന്റെ സ്വന്തം ഉത്സവം — അതാണ് കടലക്ക പരീഷെ.
Photo Courtesy - Google










